Click Below 👇 & Share This News

വേൾഡ് സൂനോസിസ് ദിനാചരണത്തിന്റെ ഭാഗമായി വെറ്ററിനേറിയൻസ് ക്ലബ് ചാലക്കുടിയും മെറ്റ്‌സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്, മാളയും സംയുക്തമായി “വൺ ഹെൽത്ത് കോൺക്ലേവ് 2026” സംഘടിപ്പിച്ചു. മനുഷ്യരുടെയും മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യ സംരക്ഷണം പരസ്പരം ബന്ധപ്പെട്ടതാണെന്ന സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് മീഡിയ ഹാളിൽ പരിപാടി സംഘടിപ്പിച്ചത്.

മെറ്റ്‌സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ഷാജു ആന്റണി അയിനിക്കൽ കോൺക്ലേവ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വെറ്ററിനേറിയൻസ് ക്ലബ് ചാലക്കുടി പ്രസിഡന്റ് ഡോ. യു. എസ്. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

മെറ്റ്‌സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പ്രൊഫ. അഡ്വ. ഡോ.ജോർജ് കോലഞ്ചേരി സ്വാഗതപ്രസംഗം നടത്തി. “വൺ ഹെൽത്ത്” എന്ന ആശയത്തിന്റെ ആഗോള പ്രസക്തിയും മനുഷ്യൻ, മൃഗം, പരിസ്ഥിതി എന്നിവയുടെ ആരോഗ്യ സംരക്ഷണത്തിൽ സംയോജിത സമീപനത്തിന്റെ അനിവാര്യതയും അദ്ദേഹം വിശദീകരിച്ചു.

പ്രശസ്ത വെറ്ററിനറി വിദഗ്ധനും ഗവേഷകനുമായ പ്രൊഫ. ഡോ. ടി. വി. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ഉയർന്നുവരുന്ന പകർച്ചവ്യാധികൾ, ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ്, ഭക്ഷ്യസുരക്ഷ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിൽ “വൺ ഹെൽത്ത്” സമീപനത്തിന്റെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു.

കോൺക്ലേവിന്റെ ഭാഗമായി സംസ്ഥാനതല “സൂനോ-അവെയർ 2026” പവർപോയിന്റ് അവതരണ മത്സരവും “വൺ ഹെൽത്ത് എഡ്യൂക്കേറ്റർ ചാലഞ്ച് 2026” അധ്യാപക കേസ് സ്റ്റഡി മത്സരവും മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ് സെമിനാർ ഹാളിൽ സംഘടിപ്പിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്ത മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

സമാപന സമ്മേളനത്തിൽ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡന്റ് ഡോ. എം. ഗംഗാധരൻ നായർ, മെറ്റ്‌സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. പോൾ മുണ്ടാടൻ, വെറ്ററിനേറിയൻസ് ക്ലബ് ചാലക്കുടി സെക്രട്ടറി ഡോ. വി. ബി. അജിതൻ എന്നിവർ വിജയികളെ അനുമോദിച്ചു.

ഡോ. ഷാജി പണിക്കശ്ശേരി, ചീഫ് കോ-ഓർഡിനേറ്റർ, വൺ ഹെൽത്ത് കോൺക്ലേവ് 2026, നന്ദി രേഖപ്പെടുത്തി. ചടങ്ങിൽ അധ്യാപകർ, വിദ്യാർത്ഥികൾ, വെറ്ററിനറി ഡോക്ടർമാർ, ഗവേഷകർ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

മനുഷ്യരുടെയും മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യ സംരക്ഷണം കൂട്ടായ ഉത്തരവാദിത്തമാണെന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് “വൺ ഹെൽത്ത് കോൺക്ലേവ് 2026” സമാപിച്ചത്.

Click Below 👇 & Share This News
Chat with CampusRound.com