Click Below 👇 & Share This News

ഇരിങ്ങാലക്കുട : കാലത്തിനൊത്ത് കോളേജിനെയും അപ്ഡേറ്റ് ചെയ്യുകയാണ് ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് (ഓട്ടോണമസ്) കോളേജിലെ ബി.വോക് മാത്തമാറ്റിക്സ് ആൻ്റ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വിഭാഗം വിദ്യാർത്ഥികൾ. ഐ – ഹബ് എന്ന സ്ഥാപനത്തിൻ്റെ സഹകരണത്തോടെ  ഇരുപത്തഞ്ചു വിദ്യാർത്ഥികൾ അഞ്ചുഗ്രൂപ്പുകളായി ചെയ്ത ഇൻ്റേൺഷിപ്പിലൂടെ വികസിപ്പിച്ചെടുത്ത റോബോട്ടിക് പ്രോജക്ട് കേരളത്തിലെ ആർട്സ് ആൻ്റ് സയൻസ് കോളേജുകളിൽ ആദ്യത്തേതായി ഇനി ചരിത്രത്തിൽ ഇടം പിടിക്കും. ജോസഫൈൻ എന്നു പേരിട്ട റോബോട്ടിൻ്റെ ലോഞ്ചിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് ബഹുമാനപ്പെട്ട ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. ശാസ്ത്രസാങ്കേതികവിദ്യ അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന പുതു കാലത്ത് മനുഷ്യ മസ്തിഷ്കങ്ങളേക്കാൾ മുൻ നിരയിലാണ് മനുഷ്യനിർമിത മസ്തിഷ്കങ്ങൾ സർഗാത്മക പ്രവൃത്തിയിലടക്കം ഏർപ്പെടുന്നതെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. കോളേജിൻ്റെ ചരിത്രത്തിലെ ശ്ലാഘനീയ നേട്ടമാണിതെന്നും വിദ്യാർത്ഥികളിൽ നിന്നാണ് സമൂഹത്തിനുവേണ്ട നൂതനാശയങ്ങൾ രൂപപ്പെടേണ്ടതെന്നും മന്ത്രി കൂട്ടിചേർത്തു.   പൂർവ്വവിദ്യാർത്ഥിയും പ്രോജക്ട് അഡ്വൈസറും ചീഫ് കോർഡിനേറ്ററുമായ ഡോ. ഇഷ ഫർഹ ഖുറൈഷി, സെൽഫ് ഫിനാൻസിങ് കോർഡിനേറ്റർ ഡോ. സിസ്റ്റർ റോസ് ബാസ്റ്റിൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ-ഹാബ് റോബോട്ടിക്സ് പ്രോജക്ടിൻ്റെ സി.ഒ ആദിൽ, ഗണിതശാസ്ത്ര വിഭാഗം അധ്യക്ഷ സിൻ്റ ജോയ്, വിദ്യാർത്ഥി പ്രതിനിധി വരദ എന്നിവർ സംബന്ധിച്ചു. പഠനത്തിലൂടെ ആർജിച്ച അറിവ് സമൂഹത്തിനും ഉപയോഗപ്രദമാകട്ടെയെന്ന ലക്ഷ്യത്തോടെയാണ് JosephAIne എന്ന റോബോട്ടിനെ രൂപകൽപ്പന ചെയ്തിട്ടുള്ളത്. വ്യക്തികളുടെ മുഖം തിരിച്ചറിയൽ, ശബ്ദം തിരിച്ചറിയൽ, തത്സമയവിവരങ്ങൾ ചോദിച്ചറിയുന്നതിനുള്ള ചാറ്റ്ബോട്ട് സംവിധാനം, ആളുകൾക്ക് സുഗമമായി കോളേജ് സേവനങ്ങൾ ലഭ്യമാക്കാൻ വികസിപ്പിച്ചെടുത്ത മാപ്പ് – നാവിഗേഷൻ സംവിധാനം, ലൈബ്രറിയിലെ പുസ്തകങ്ങൾ കണ്ടെത്താനും അവയിലെ ആശയങ്ങൾ പറഞ്ഞുതരാനും സഹായിക്കുന്ന, കാഴ്ചപരിമിതരായ കുട്ടികൾക്കും പ്രയോജനപ്രദമാകുന്ന റോബോട്ടിക്ക് ലൈബ്രറി എന്നിങ്ങനെ അത്യാധുനിക സവിശേഷതകൾ അടങ്ങിയിട്ടുള്ള റോബോട്ടിക്ക്‌ പ്രോജക്ടാണ് JOSEPHAl- NE.  വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ പരിപോഷിപ്പിക്കുന്നതിനൊപ്പം സാങ്കേതികവിദ്യയിലൂടെ സമൂഹത്തിൻ്റെ വികസനം എന്ന ലക്ഷ്യത്തെ ഉറപ്പുവരുത്തുകയാണ് ഈ പ്രോജക്ടിലൂടെ സെൻ്റ്. ജോസഫ്സ് കോളേജ്. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, പൊതു സേവനങ്ങൾ എന്നിങ്ങനെയുള്ള ആപ്ലിക്കേഷനുകൾക്കൊപ്പം പ്രായോഗിക പ്രശ്നങ്ങൾക്കുള്ള പരിഹാരമെന്നനിലയിൽ ഗണിത മോഡലിംഗിൻ്റെയും AI- യുടെയും റോബോട്ടിക്സിൻ്റെയും ഇൻ്റർ ഡിസിപ്ലിനറി ആപ്ലിക്കേഷനുകളാണ് സജ്ജമാക്കിയിട്ടുള്ളത്.  ഗണിതവും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും അത്യാധുനിക സാങ്കേതികവിദ്യയിലേക്ക് സമന്വയിപ്പിച്ചിരിക്കുന്നു. കോളേജിലെ ബി.വോക് മാത്തമാറ്റിക്സ് ആൻ്റ് ആർട്ടിഫിഷൽ വിഭാഗം അധ്യാപിക അഞ്ജു പി.ഡേവീസാണ് വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusNews.in