ഇരിങ്ങാലക്കുട: ഇന്ത്യൻ വൈജ്ഞാനിക പാരമ്പര്യത്തിൻ്റെ വീണ്ടെടുക്കലും ഗവേഷണപദ്ധതികളും ലക്ഷ്യമിട്ട് ഇന്ത്യൻ നോളജ് സിസ്റ്റത്തിൻ്റെ കേന്ദ്രമായ വൃദ്ധി സെന്റ്.ജോസഫ്സ് കോളേജ് (ഓട്ടോണോമസ്), ഇരിങ്ങാലക്കുടയിൽ ആരംഭിച്ചു. ഫെബ്രുവരി 27 ന് റിസേർച്ച് ഹാളിൽ രാവിലെ 10.30ന് നടന്ന ചടങ്ങിൽ’ കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക – ടൂറിസം സഹമന്ത്രിയും, തൃശൂർ എംപിയും ആയ ശ്രീ. സുരേഷ് ഗോപി വൃദ്ധി ഐ. കെ. എസ്. സെൻ്ററിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. നമ്മുടെ വൈജ്ഞാനിക പാരമ്പര്യത്തെ യുവതലമുറയ്ക്ക് പകർന്നുകൊടുക്കേണ്ടത് ഒരു മഹത്തായ ഉത്തരവാദിത്തമാണെന്നും സെൻ്റ്. ജോസഫ്സ് തുടക്കം കുറിച്ച സംരംഭം അതിനു വലിയ സംഭാവനയാകട്ടെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോളേജ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ ബ്ലെസി ചടങ്ങിന് അധ്യക്ഷത വഹിച്ചു. വൃദ്ധി ഇന്ത്യൻ പരമ്പരാഗത വിജ്ഞാനത്തിന്റെ ശാസ്ത്രീയ പഠനത്തിനും ഗവേഷണത്തിനും പുതുമയാർന്ന വഴികൾ തുറക്കുമെന്ന് പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു. വൃദ്ധി ഇന്ത്യൻ നോളജ് സിസ്റ്റം ഡയറക്ടർ ഡോ. വി.എസ് സുജിത സ്വാഗതം ചെയ്ത ചടങ്ങിൽ കോളേജിലെ മാനുസ്ക്രിപ്റ്റ് റിസർച്ച് – പ്രിസർവേഷൻ സെൻ്റർ ഡയറക്ടറും മലയാള വിഭാഗം അദ്ധ്യാപികയുമായ ക്യാപ്റ്റൻ ലിറ്റി ചാക്കോ ആശംസകൾ നേർന്ന് സംസാരിച്ചു. ചരിത്ര വിഭാഗം മേധാവി ഡോ.ജോസ് കുര്യാക്കോസ് നന്ദി രേഖപ്പെടുത്തി.