Click Below 👇 & Share This News

Loading

ഇരിങ്ങാലക്കുട: ഇന്ത്യൻ വൈജ്ഞാനിക സമ്പ്രദായത്തിന് ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് (ഓട്ടോണമസ് ) കോളേജ് നൽകുന്ന സംഭാവനകൾ വിശകലനം ചെയ്യാനായി ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള എത്തി. ഇന്ത്യൻ നോളജ് സിസ്റ്റം (IKS) എന്ന പദ്ധതി പ്രയോഗത്തിൽ വരുന്നതിന് വർഷങ്ങൾക്കു മുമ്പുതന്നെ ഭാരതത്തിൻ്റെ വൈജ്ഞാനിക പാരമ്പര്യങ്ങളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും സെൻ്റ് ജോസഫ്സ് കോളേജ് നടത്തുന്ന ഗവേഷണ പ്രവർത്തനങ്ങളെ കുറിച്ച് മനസ്സിലാക്കിയാണ് അദ്ദേഹം കലാലയം സന്ദർശിച്ചത്.പതിനഞ്ച് വർഷങ്ങളായി ഗണിതശാസ്ത്രജ്ഞനായ സംഗമഗ്രാമ മാധവനെ കുറിച്ച് മലയാളം അധ്യാപികയായ പ്രൊഫ. ലിറ്റി ചാക്കോ നടത്തുന്ന ഗവേഷണങ്ങൾ ഭാരതീയ വൈജ്ഞാനിക സമ്പത്തിന് തന്നെ ഒരു മുതൽക്കൂട്ടാണ്. സംഗമ ഗ്രാമമാധവൻ്റെ അപ്രകാശിതമായ കൃതി കണ്ടെടുക്കാനും പ്രകാശനം ചെയ്യാനും ലിറ്റി ചാക്കോ ചെയർമാനായി കോളേജിൽ പ്രവർത്തിക്കുന്ന പുരാരേഖാ സംരക്ഷണ കേന്ദ്രത്തിന് സാധിച്ചിട്ടുണ്ട്.കേരള ചരിത്രത്തെ തന്നെ നിർണ്ണയിക്കുന്ന പന്ത്രണ്ടാം നൂറ്റാണ്ടിലെയും പതിനേഴാം നൂറ്റാണ്ടിലെയും ശിലാലിഖിതങ്ങൾ കണ്ടെടുക്കാനും ഡിജിറ്റലൈസ് ചെയ്യാനും ഈ സെൻ്ററിനു കഴിഞ്ഞു. കേരളീയ ഗണിത സരണിയുടെ പൈതൃക സംരക്ഷണമാണ് നിലവിൽ സെൻ്ററിൻ്റെ പ്രവർത്തനം.ലക്ഷക്കണക്കിന് പുരാരേഖകൾ പ്രളയാനുബന്ധമായും അല്ലാതെയും പ്രിസർവ് ചെയ്തു നൽകാനും ഇപ്പോഴും ആ രംഗത്ത് പ്രവർത്തിക്കുവാനും സെൻ്ററിന് കഴിയുന്നുണ്ട്. സ്ക്രിപ്റ്റ് ഗാർഡൻ, മാധവീയം ഇൻസ്റ്റലേഷൻ, ബുക് ടവർ തുടങ്ങി നിരവധി സംരംഭങ്ങൾ സംഗമ ഗ്രാമ മാധവനെ കുറിച്ചുള്ള ഗവേഷണങ്ങളുടെ അനുബന്ധമായി കോളേജിൽ ലഭ്യമാണ്. ഈ ഗവേഷണത്തെ കുറിച്ച് ഡൽഹിയിൽ യു ജി സി പവലിയനിൽ അവതരിപ്പിക്കാൻ പ്രത്യേക ക്ഷണം ലഭിക്കുകയും ഗവേഷണത്തിൻ്റെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഗവേഷണത്തിൻ്റെ മേൽനോട്ടം യുജിസിയെ ഏല്പിക്കുകയും യുജിസി ചെയർമാൻ കോളേജ് സന്ദർശിച്ച് ഗവേഷണ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു.സംഗമഗ്രാമമാധവൻ്റെ രണ്ടു കൃതികൾ എന്ന പേരിൽ ലിറ്റി ചാക്കോ സമാഹരണവും പഠനവും നിർവ്വഹിച്ച പുസ്തകം നാഷണൽ ബുക് ട്രസ്റ്റ് ആണ് പ്രസിദ്ധീകരിച്ചത്. ഗോവ ഗവർണർ പി. എസ്.ശ്രീധരൻ പിള്ള രചിച്ച വാമനവൃക്ഷകല എന്ന പുസ്തകത്തെ അധികരിച്ച് ബോട്ടണി വിഭാഗം അധ്യാപികയും കോളേജിലെ ഐക്യു എസി കോർഡിനേറ്ററുമായ ഡോ.ബിനു ടി.വി തയ്യാറാക്കിയ പ്രോജക്ടിൻ്റെ ഭാഗമായി ബോട്ടണി വിഭാഗം ആരംഭിക്കുന്ന റിസർച്ച് സെൻ്ററിൻ്റെ പ്രവർത്തന രൂപരേഖയും അദ്ദേഹം പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്തു. ചൈനയിൽ നാമ്പെടുത്ത് ജപ്പാൻ വഴി വികസിച്ച് ലോകമെമ്പാടും വളർന്നു എന്ന് കരുതപ്പെട്ടിരുന്ന ബോൺസായ് വൃക്ഷങ്ങൾ ഭാരതത്തിൻ്റെ സംഭാവനയാണെന്നും പ ബുദ്ധജൈനസന്യാസിമാരാണ് ഇത്തരം അറിവുകൾ ചൈനയിലേക്കും ജപ്പാനിലേക്കുമെത്തിച്ചത് എന്നുമുള്ള വാദങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് വാമനവൃക്ഷങ്ങളെ കുറിച്ച് ഉപരി ഗവേഷണം നടത്തുന്ന പ്രൊജക്ടാണ് ഡോ. ബിനുവിൻ്റേത്. വാമന വൃക്ഷ പരിപാലനവും വില്പനയും ആരംഭിക്കുന്നതോടൊപ്പം അവയുടെ ഔഷധമൂല്യങ്ങൾ പരിശോധിച്ചറിയാനുമാണ് സെൻ്റർ ലക്ഷ്യമിടുന്നത്.ഭാരത്തിൻ്റെ വൈജ്ഞാനിക സമ്പത്തിലേക്ക് മികവുറ്റ സംഭാവനകൾ നൽകാൻ പര്യാപ്തമാണ് ഈ രണ്ടു പ്രൊജക്ടുകളുമെന്ന് ഗോവ ഗവർണർ പി. എസ് ശ്രീധരൻ പിള്ള പറഞ്ഞു. ലോക വൈജ്ഞാനിക ഭൂപടത്തിൽ ഇരിങ്ങാലക്കുട അടയാളപ്പെട്ടിട്ടുണ്ട്. ജപ്പാൻ പോലെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നു ഗവേഷണത്തിനായി ആളുകൾ ഇവിടെ എത്തുന്നുണ്ട്. സംഗമഗ്രാമ മാധവൻ്റെ സംഭാവനകളെ ലോകത്തിനു പരിചയപ്പെടുത്താൻ സെൻ്റ്. ജോസഫ്സ് കോളജ് നടത്തുന്ന പരിശ്രമങ്ങൾക്ക് മനസു നിറഞ്ഞ് അഭിനന്ദനം – അദ്ദേഹം പറഞ്ഞു.വാമന വൃക്ഷ പഠനത്തിനുള്ള പ്രോത്സാഹനമായി ഗോവാ രാജ്ഭവൻ്റെ പേരിൽ ഡോ. ബിനു ടി.വിക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.ഒന്നര മണിക്കൂറോളം കോളജിൽ ചെലവഴിച്ച് ഗവേഷണ പ്രൊജക്ടുകൾ അദ്ദേഹം വിശദമായി വിലയിരുത്തി. ഈ രണ്ടു പ്രൊജക്ടുകളും പ്രധാനമന്ത്രിയുടെ മുന്നിലെത്തിക്കുമെന്ന വാഗ്ദാനം നൽകിയാണ് അദ്ദേഹം മടങ്ങിയത്.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com