Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ രൂപീകരിച്ചിട്ടുള്ള ഭാരതീയ ജ്ഞാന പരമ്പര വിഭാഗത്തിന്റെ നിർദ്ദേശാനുസരണം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഐ കെ എസ് സെൻറർ ആരംഭിക്കുന്നതിന്റെ ഭാഗമായി തൃശ്ശൂർ സെൻറ് തോമസ് കോളേജിൽ ഐ കെ എസ് സെൻറർ കേന്ദ്ര സഹമന്ത്രി ശ്രീ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസരംഗത്ത് ഭാരതീയ പൈതൃക അറിവുകൾ വിദ്യാഭ്യാസത്തിൻറെ ഭാഗമാക്കുക, ഇതുമായി ബന്ധപ്പെട്ട് ഗവേഷണങ്ങൾ നടത്തുക, ശാസ്ത്രീയമായി സാധൂകരിച്ചവ സമൂഹത്തിൽ പ്രചരിപ്പിക്കുക തുടങ്ങിയ ലക്ഷങ്ങളുമായാണ് സെൻറ് തോമസ് കോളേജിൽ ഈ സെൻറർ ആരംഭിക്കുന്നത് എന്ന് പ്രിൻസിപ്പൽ ഡോ. മാർട്ടിൻ സ്വാഗത പ്രസംഗത്തിൽ അറിയിച്ചു. വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധതയും രാജ്യസ്നേഹവും വർദ്ധിപ്പിക്കാൻ ഇത്തരത്തിലുള്ള സെൻററുകൾ കാരണമാകുമെന്ന് അധ്യക്ഷ പ്രസംഗത്തിൽ വികാരി ജനറൽ ഫാദർ ജോസ് കോനിക്കര അഭിപ്രായപ്പെട്ടു. ഭാരതത്തിൽ ചിത്രകലയിൽ ഇലച്ചാറുകൾ ഉപയോഗിച്ചിരുന്ന പുരാതന ശൈലിയെ കുറിച്ച് അദ്ദേഹം സംസാരിക്കുകയുണ്ടായി. 1800കളുടെ അവസാനത്തിൽ സ്ഥാപിതമായ സെൻറ് തോമസ് കോളേജിൽ ഐ കെ എസ് സെൻറർ ഉദ്ഘാടനം ചെയ്യുന്നതിനുള്ള സന്തോഷം സുരേഷ് ഗോപി പ്രകടിപ്പിക്കുകയും കേരളത്തിലെ ക്രൈസ്തവ മാനേജ്മെൻറിനു കീഴിൽ പ്രവർത്തിക്കുന്ന ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ത്യൻ നോളജ് സിസ്റ്റം പാഠ്യ, ഗവേഷണ പ്രവർത്തനങ്ങളുടെ ഭാഗമാകുന്നത് പ്രശംസനീയാർഹമാണെന്ന് സൂചിപ്പിക്കുകയും ചെയ്തു. 2020ല്‍ നാഷണൽ എഡ്യൂക്കേഷൻ പോളിസി വിഭാവനം ചെയ്തിട്ടുള്ള ഇന്ത്യൻ നോളജ് സിസ്റ്റം വിദ്യാഭ്യാസമേഖലയിൽ പ്രാവർത്തികമാക്കേണ്ടുന്നതിന്റെ ആവശ്യവും പ്രാധാന്യവും ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി അടിവരയിട്ട് പറഞ്ഞു. കേരളത്തിൽ വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യൻ നോളജ് സിസ്റ്റം പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നത് കാലോചിതമാണെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തിൽ പ്രാചീനമായി ഉണ്ടായിരുന്ന പല അറിവുകളും ഇന്ന് കാലഹരണപ്പെട്ടതായി പരിഗണിച്ച് മാറ്റി നിർത്തപ്പെടുന്നു. ഇത്തരം അറിവുകൾ മനുഷ്യ സമൂഹത്തിന്റെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് പരമപ്രധാനമായ ഒരു സ്ഥാനം വഹിക്കുന്നവയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സെൻറ് തോമസ് കോളേജിൽ കളരിപ്പയറ്റ് പോലെയുള്ള പ്രാചീന കലാരൂപങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്നതിന് സ്വീകരിക്കുന്ന പ്രവർത്തനങ്ങളെ പ്രശംസിച്ചുകൊണ്ട് ശ്രീ സുരേഷ് ഗോപി സംസാരിച്ചു. കേരളത്തിൽ വളർന്നുവരുന്ന തലമുറയിൽ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക സാംസ്കാരിക മൂല്യച്യുതിയിൽ നിന്ന് രക്ഷിക്കണമെങ്കിൽ സമഗ്ര വിദ്യാഭ്യാസം എല്ലാവരിലും എത്തിക്കേണ്ടത് അനിവാര്യമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. ശാരീരിക മാനസിക ആരോഗ്യത്തിന് പരമ്പരാഗത കളരിപ്പയറ്റ് പോലെയുള്ളവ വളരെ ഉപകരിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സെൻറ് തോമസ് കോളേജ് കേരളത്തിൽ ഇത്തരം സെ ൻററുകൾ ആരംഭിച്ചിട്ടുള്ള കോളേജുകളിൽ മുൻനിരയിൽ ഉണ്ടെന്ന് അദ്ദേഹം വിദ്യാർഥികളോട് പറഞ്ഞു. തുടർന്നു നടന്ന ചടങ്ങിൽ സെൻറ് തോമസ് കോളേജിൽ പൂർവ വിദ്യാർത്ഥി സംഘടന (STAAR) ആരംഭിക്കുന്ന നിർദ്ധന വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പ് പദ്ധതിയിലേക്ക് അദ്ദേഹം ഒരു ലക്ഷം രൂപ സംഭാവനയായി നൽകുകയും ചെയ്തു. വിദ്യാർത്ഥികൾ രചിച്ച “ഹൈകു” കവിതകൾ അടങ്ങിയ പുസ്തകത്തിൻറെ പ്രകാശനം നിർവഹിക്കുകയും കുട്ടികളെ അനുമോദിക്കുകയും ചെയ്തു. സെൻതോമസ് കോളേജിന്റെ എല്ലാ ഭാവി പരിപാടികൾക്കും പ്രത്യേകിച്ച് സെന്റർ ലക്ഷ്യം വയ്ക്കുന്ന പാഠ്യ ഗവേഷണ പ്രവർത്തനങ്ങൾക്കും എല്ലാവിധത്തിലുള്ള പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ കോളേജിന്റെ എക്സിക്യൂട്ടീവ് മാനേജർ ഫാദർ ബിജു പാണങ്ങാടൻ കേന്ദ്ര സഹമന്ത്രിയെ ആദരിച്ചു. കോളേജിലെ ഐ കെ എസ് സെൻററിന്റെ ഡയറക്ടർ സിസ്റ്റർ ഷീബ ചടങ്ങിന് നന്ദി അർപ്പിച്ചുകൊണ്ട് സംസാരിച്ചു. കോളേജിലെ ഐ.ക്യു.എ.സ്സി. കോഡിനേറ്റർ ഡോക്ടർ ദിവ്യ ജോർജ്, കോളേജ് പൂർവവിദ്യാർഥി സംഘടന പ്രസിഡണ്ട് ശ്രീ സി എ ഫ്രാൻസിസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. Post navigation Best Poster Award in the 4th International Conference on Optoelectronic and Nanomaterials for Advanced Technology (icONMAT 2025)