Click Below 👇 & Share This News

തൃശൂർ, മാള, മെറ്റ്‌സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അഗ്നിരക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ദുരന്തനിവാരണ അവബോധം വളർത്തുകയും അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട സുരക്ഷാ നടപടികളെക്കുറിച്ച് പ്രായോഗിക പരിജ്ഞാനം നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.കോളേജ് പ്രിൻസിപ്പൽ ഡോ. ഫോൺസി ഫ്രാൻസിസ് സ്വാഗതം ആശംസിച്ചു. മെറ്റ്‌സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഒ അഡ്വ. ഡോ. ജോർജ് കോലഞ്ചേരി അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾക്ക് സമൂഹത്തോടുള്ള ഉത്തരവാദിത്വവും ദുരന്തനിവാരണ ബോധവുമാണ് എൻ.എസ്.എസ്. പ്രവർത്തനങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീ. അഭിലാഷ് വി. മുഖ്യപ്രഭാഷണം നടത്തി. തീപിടിത്തങ്ങൾ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങൾ, അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള മുൻകരുതലുകൾ, അടിയന്തര സാഹചര്യങ്ങളിൽ പാലിക്കേണ്ട സുരക്ഷാ മാർഗങ്ങൾ, രക്ഷാപ്രവർത്തനങ്ങളുടെ പ്രാധാന്യം എന്നിവ അദ്ദേഹം വിശദീകരിച്ചു.തുടർന്ന് ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം ഉദ്യോഗസ്ഥർ അഗ്നിശമന ഉപകരണങ്ങളുടെ ഉപയോഗം പ്രായോഗികമായി അവതരിപ്പിച്ചു. വിവിധ തരത്തിലുള്ള ഫയർ എക്സ്റ്റിംഗ്വിഷറുകൾ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം, പ്രാഥമിക ഘട്ടത്തിൽ തീ നിയന്ത്രിക്കുന്നതിനുള്ള മാർഗങ്ങൾ, ഗ്യാസ് സിലിണ്ടർ തീപിടിത്തം പോലുള്ള സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ എന്നിവ തത്സമയ ഡെമോൺസ്ട്രേഷനിലൂടെ വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു. വിദ്യാർത്ഥികളും അധ്യാപകരും പരിശീലനത്തിൽ സജീവമായി പങ്കെടുത്തത് പരിപാടിയുടെ ശ്രദ്ധേയമായ പ്രത്യേകതയായി.മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. ആറ്റൂർ സുരേന്ദ്രൻ, ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ ഷഫീഖ് ടി.ടി. എന്നിവർ യോഗത്തിൽ പങ്കെടുത്തു.അഗ്നിരക്ഷാ സുരക്ഷയെക്കുറിച്ചുള്ള ബോധവൽക്കരണത്തിനും ദുരന്തനിവാരണ നൈപുണ്യങ്ങൾ വികസിപ്പിക്കുന്നതിനും ഈ പരിപാടി വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമായി.എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസറും അസി. പ്രൊഫസറുമായ ശ്രീലക്ഷ്മി സി. എസ്. നന്ദി രേഖപ്പെടുത്തി. എൻ.എസ്.എസ്. വോളന്റിയർമാർ പരിപാടിയുടെ ഏകോപനത്തിന് നേതൃത്വം നൽകി.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com