Click Below 👇 & Share This News

ഇരിങ്ങാലക്കുട: അന്താരാഷ്ട്ര അക്കാദമിക സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സെന്റ് ജോസഫ്‌സ് കോളജ് (ഓട്ടോണമസ്), ഇരിങ്ങാലക്കുടയും യൂണിവേഴ്‌സിറ്റി കോളജ് ഡബ്ലിനും തമ്മിൽ ധാരണാപത്രം (MoU) സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ധാരണാപത്രത്തിന്റെ ഭാഗമായി അധ്യാപക–വിദ്യാർഥി കൈമാറ്റ പരിപാടികൾ ഉൾപ്പെടെയുള്ള അക്കാദമിക സഹകരണത്തിന് വഴിയൊരുങ്ങും. ഇതിന്റെ ഭാഗമായി യൂണിവേഴ്‌സിറ്റി കോളജ് ഡബ്ലിനിലെ പ്രൊഫസറും കോളജ് ഓഫ് സയൻസിന്റെ പ്രിൻസിപ്പലുമായ പ്രൊഫ. ജെറമി സിംപ്സൺ സെന്റ് ജോസഫ്‌സ് കോളജ് സന്ദർശിച്ചു.

സെൽ ബയോളജി മേഖലയിൽ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായ ഗവേഷണ സംഭാവനകൾ നൽകിയിട്ടുള്ള പ്രൊഫ. ജെറമി സിംപ്സൺ, കോളജിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇന്റർനാഷണൽ അഫയേഴ്‌സുമായി സഹകരിച്ചുള്ള അക്കാദമിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എത്തിയത്. ഒക്ടോബർ 13-ന് രാവിലെ 10.45-ന് കോളജിലെ റിസർച്ച് ഹാളിൽ നടന്ന പ്രത്യേക അക്കാദമിക സെഷനിൽ അദ്ദേഹം ‘മൈക്രോസ്കോപ്പി ആൻഡ് ഇമേജിങ് ടെക്‌നിക്‌സ്’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഗവേഷണരംഗത്തെ പുതിയ സാധ്യതകളും ആധുനിക ഇമേജിങ് സാങ്കേതികവിദ്യകളുടെ പ്രാധാന്യവും പരിചയപ്പെടുത്തിയ സെഷൻ വിദ്യാർഥികൾക്കും അധ്യാപകർക്കും പ്രയോജനകരമായി.

പരിപാടിയുടെ ഭാഗമായി ബയോളജി വകുപ്പ് സംഘടിപ്പിച്ച ‘സെൽ ക്യാൻവാസ് – ആൻ ആർട്ട് കോമ്പറ്റിഷൻ ഓൺ സെൽ ബയോളജി’ മത്സരത്തിലെ വിജയികൾക്ക് പ്രൊഫ. ജെറമി സിംപ്സൺ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. രണ്ട് വിഭാഗങ്ങളിലായി സംഘടിപ്പിച്ച മത്സരം ശാസ്ത്രവിഷയങ്ങളെ കലാപരമായി ആവിഷ്‌കരിക്കാനും വിദ്യാർഥികളുടെ സർഗാത്മകതയും ശാസ്ത്രാഭിരുചിയും പ്രകടിപ്പിക്കാനും അവസരമൊരുക്കി.

കോളജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസ്സി അധ്യക്ഷത വഹിച്ച ചടങ്ങിൽ സോഷ്യൽ വർക്ക് മേധാവി ഡോ. സി. ജസിൻ, വകുപ്പിലെ മറ്റ് അംഗങ്ങൾ, ബയോളജി വിഭാഗത്തിലെ അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. അന്താരാഷ്ട്ര നിലവാരത്തിലുള്ള അക്കാദമിക സഹകരണത്തിനും ഗവേഷണബന്ധങ്ങൾ വിപുലീകരിക്കുന്നതിനും വിദ്യാർഥികൾക്ക് ആഗോളതലത്തിലുള്ള പഠനാവസരങ്ങൾ ലഭ്യമാക്കുന്നതിനും ഈ സഹകരണം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com