Click Below 👇 & Share This News

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ സുവോളജി, ബോട്ടണി, ബയോടെക്നോളജി, മലയാളം എന്നീ നാല് വകുപ്പുകൾക്ക് കാലിക്കറ്റ് സർവ്വകലാശാലയ്ക്കു കീഴിലെ ഗവേഷണ ഡിപ്പാർട്ടുമെൻ്റുകളായി അംഗീകാരം ലഭിച്ചു.ഇതോടനുബന്ധിച്ച് കോളേജിൽ സംഘടിപ്പിച്ച നാഷണൽ റിസേർച്ച് ഡേ 2026, കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർപേഴ്സൺ പ്രൊഫ. ഡോ. അച്യുത്ശങ്കർ എസ്. നായർ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ പ്രൊഫ. ഡോ. അച്യുത്ശങ്കർ എസ്. നായർ ഗവേഷണം മനുഷ്യനിൽ അന്തർലീനമായ സ്വഭാവമാണെന്നും നിരീക്ഷണങ്ങളിൽനിന്ന് ഉയരുന്ന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങൾ തേടുന്ന അന്വേഷണങ്ങളുമാണ് ഗവേഷണത്തിന്റെ അടിസ്ഥാനമെന്നും പറഞ്ഞു. ഗവേഷണത്തിലൂടെ ലഭിക്കുന്ന അറിവുകൾ പ്രായോഗികമായി പ്രയോജനപ്പെടുത്തുമ്പോഴാണ് ഇന്നവേഷൻ സാധ്യമാകുന്നതെന്നും FYUGP നിലവിലുള്ള കോഴ്സുകളെ പുനഃസംഘടിപ്പിച്ച് ബഹുവിഷയ പഠനത്തിനും വളർച്ചയ്ക്കും അവസരമൊരുക്കുന്ന വിദ്യാഭ്യാസ പരിഷ്കാരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിനോടനുബന്ധിച്ച് കോളേജിന്റെ അത്യാധുനിക അന്തർവിഷയ ഗവേഷണ കേന്ദ്രമായ SJC-iSPARK (St. Joseph’s College Instrumental Scientific Platform for Advanced Research and Knowledge) പ്രവർത്തനമാരംഭിച്ചു. ഗവേഷണ കേന്ദ്രങ്ങളായി അംഗീകാരം ലഭിച്ച നാല് വകുപ്പുകളുടെയും നേട്ടം കോളേജിന്റെ അക്കാദമിക-ഗവേഷണ മുന്നേറ്റത്തിലെ സുപ്രധാന ചുവടുവയ്പാണ്. ശാസ്ത്ര-മാനവിക വിഷയങ്ങളിൽ ഗവേഷണ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും അധ്യാപകർക്കും വിദ്യാർഥികൾക്കും ഗവേഷണത്തിന് കൂടുതൽ അവസരങ്ങൾ ഒരുക്കാനും ഈ അംഗീകാരം സഹായകമാകും.ഭൗതികശാസ്ത്രം, ജീവശാസ്ത്രം തുടങ്ങിയ മേഖലകളിൽ നൂതന ഗവേഷണവും ശാസ്ത്രീയ നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനാണ് SJC-iSPARK സ്ഥാപിച്ചിരിക്കുന്നത്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ (DST) ഫണ്ട് ഫോർ ഇംപ്രൂവ്‌മെന്റ് ഓഫ് S&T ഇൻഫ്രാസ്ട്രക്ചർ (FIST), രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാൻ (RUSA), കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ (KSCSTE) സെലക്ടീവ് ഓഗ്മെന്റേഷൻ ഓഫ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് (SARD) പദ്ധതി എന്നിവയുടെ സാമ്പത്തിക പിന്തുണയോടെയാണ് കേന്ദ്രം വികസിപ്പിച്ചിരിക്കുന്നത്.ബാറ്ററി സൈക്ലർ ആൻഡ് ടെസ്റ്റിംഗ് സിസ്റ്റം, മൾട്ടിചാനൽ ഇലക്ട്രോകെമിക്കൽ വർക്ക്സ്റ്റേഷൻ, സോളിഡ്, ലിക്വിഡ് UV–Vis സ്പെക്ട്രോഫോട്ടോമീറ്ററുകൾ, സോളാർ സിമുലേറ്റർ, സോളാർ I–V മെഷർമെന്റ് സിസ്റ്റം, ഇലക്ട്രോസ്പിന്നിംഗ് സംവിധാനം, ജലപരിശോധനാ സൗകര്യം, COD അനലൈസർ, ഫോട്ടോകാറ്റലിറ്റിക് റിയാക്ടർ, അനിമൽ ടിഷ്യു കൾച്ചർ സംവിധാനം, കൂളിംഗ് സെൻട്രിഫ്യൂജ്, ജെൽ ഡോക്യുമെന്റേഷൻ സിസ്റ്റം, ആന്റിബാക്ടീരിയൽ അനാലിസിസ് സൗകര്യം തുടങ്ങി നിരവധി അത്യാധുനിക ശാസ്ത്രീയ ഉപകരണങ്ങൾ കേന്ദ്രത്തിലുണ്ട്. വിവിധ വിജ്ഞാനശാഖകളെ സംയോജിപ്പിച്ചുള്ള ഗവേഷണത്തിനും നൂതന ശാസ്ത്രീയ കണ്ടെത്തലുകൾക്കും ഈ കേന്ദ്രം അവസരമൊരുക്കും.കോളേജ് ഡീൻ ഓഫ് റിസർച്ച് ഡോ. മിനി തോമസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. സിജി പി. ഡി. അധ്യക്ഷത വഹിച്ചു. തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ടിലെ സയന്റിസ്റ്റ് സി ഡോ. കയീൻ വടക്കൻ, CETC കേരള ഡയറക്ടർ ഡോ.അമിതാഭ് ബച്ചൻ കെ. എച്ച്., ശ്രീ കേരളവർമ്മ കോളേജിലെ അസോസിയേറ്റ് പ്രൊഫസറും ഗവേഷണ മാർഗദർശിയുമായ ഡോ. ആദർശ് സി., പീച്ചി വനകീടശാസ്ത്ര വിഭാഗത്തിലെ ചീഫ് സയന്റിസ്റ്റ് ഡോ. ടി. വി. സജീവ് എന്നിവർ ആശംസകൾ അർപ്പിച്ചു. സുവോളജി വിഭാഗം മേധാവി ഡോ. വിദ്യ ജി. നന്ദി രേഖപ്പെടുത്തി.ദിനാചരണത്തിന്റെ ഭാഗമായി നടന്ന സെഷനിൽ ഡോ. കയീൻ വടക്കൻ ‘From Curiosity to Discovery: Turning Questions into Meaningful Research’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഗവേഷണത്തിന്റെ പ്രാധാന്യം, ശാസ്ത്രീയ ചിന്തയുടെ ആവശ്യകത, ജിജ്ഞാസയിൽനിന്ന് പുതിയ കണ്ടെത്തലുകളിലേക്കുള്ള സാധ്യതകൾ എന്നിവ അദ്ദേഹം വിശദീകരിച്ചു.‘ANALYTICA TECH 2026’ എന്ന പേരിൽ ദേശീയ ശില്പശാലയും ‘Research for Resilient Future’ എന്ന വിഷയത്തിൽ പോസ്റ്റർ അവതരണ മത്സരവും സംഘടിപ്പിച്ചു. വിദ്യാർഥികൾക്ക് ഗവേഷണ ആശയങ്ങളും നൂതന കണ്ടെത്തലുകളും അവതരിപ്പിക്കാനുള്ള അവസരമായി മത്സരം മാറി.നാല് ഗവേഷണ വകുപ്പുകളുടെ അംഗീകാരവും SJC-iSPARK-ലെ അത്യാധുനിക ഗവേഷണ സൗകര്യങ്ങളും കോളേജിന്റെ ഗവേഷണ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുമെന്നു പ്രിൻസിപ്പൽ ഡോ. സി. ബ്ലെസി പറഞ്ഞു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com