Click Below 👇 & Share This News

വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങൾക്കും ഓൺലൈൻ തട്ടിപ്പുകൾക്കുമെതിരെ വിദ്യാർത്ഥികളിലും പൊതുസമൂഹത്തിലും അവബോധം വളർത്തുന്നതിനായി ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ് (ഓട്ടോണമസ്) ക്യാമ്പസിൽ സൈബർ റെസിലിയൻസ് സെന്റർ (Cyber Resilience Centre) പ്രവർത്തനമാരംഭിച്ചു. സൈബർ സുരക്ഷാ രംഗത്ത് വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുകയും സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം ആരംഭിച്ചത്.കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട നിയോജകമണ്ഡലം എം.എൽ.എ ശ്രീ. തോമസ് ഉണ്ണിയാടൻ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) സോളമൻ പി. എ. ചടങ്ങിൽ സ്വാഗതം ആശംസിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാ. ജോൺ പാലിയേക്കര സി.എം.ഐ. അധ്യക്ഷത വഹിച്ചു.തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി (SP) ശ്രീ. മുഹമ്മദ് നദീം ഐ.പി.എസ്. മുഖ്യാതിഥിയായി പങ്കെടുത്തു. ഇരിങ്ങാലക്കുട സൈബർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. ശ്രീ. ബൈജു കെ. സി., കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗം മേധാവി ഡോ. ശ്രീത ഇ. എസ്. എന്നിവർ ആശംസകൾ നേർന്നു.ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം സൈബർ കുറ്റകൃത്യങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ, ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ, സാമൂഹിക മാധ്യമങ്ങളുടെ സുരക്ഷിതമായ ഉപയോഗം, ഡിജിറ്റൽ സ്വകാര്യത തുടങ്ങിയ വിഷയങ്ങളിൽ ജാഗ്രത അനിവാര്യമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. സൈബർ സുരക്ഷാ അവബോധം വിദ്യാർത്ഥികളിൽ മാത്രം ഒതുങ്ങാതെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും എത്തിക്കേണ്ടതിന്റെ പ്രാധാന്യവും അവർ ചൂണ്ടിക്കാട്ടി.വിദ്യാർത്ഥികളെ സൈബർ വാരിയർമാരായി സജ്ജരാക്കുന്നതിനും സൈബർ സുരക്ഷാ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാക്കുന്നതിനും കേന്ദ്രം പ്രാധാന്യം നൽകും. സൈബർ സുരക്ഷാ മേഖലയിൽ താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് പ്രായോഗിക അറിവും സാമൂഹിക ഇടപെടലിനുള്ള അവസരങ്ങളും ഒരുക്കുന്നതിനും കേന്ദ്രം ലക്ഷ്യമിടുന്നു.ചടങ്ങിൽ സൈബർ റെസിലിയൻസ് സെന്റർ ക്യാമ്പസ് കോർഡിനേറ്റർ ശ്രീ. ശ്രീകേഷ് ടി. യു. നന്ദി രേഖപ്പെടുത്തി. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ നടന്ന ഉദ്ഘാടനച്ചടങ്ങ് സൈബർ സുരക്ഷിത സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള പുതിയൊരു ചുവടുവെപ്പായി മാറി.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com