Click Below 👇 & Share This News

തൃശൂർ, മാള, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഡി.കെ.എം.എസ്. ഫൗണ്ടേഷൻ ഇന്ത്യയുടെ സഹകരണത്തോടെ സ്റ്റെം സെൽ ദാനത്തെക്കുറിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കോളേജിലെ മീഡിയ ഹാളിൽ നടന്ന പരിപാടി വിദ്യാർഥികളിൽ സ്റ്റെം സെൽ ദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അതുവഴി ഗുരുതര രക്തരോഗങ്ങൾ ബാധിച്ച രോഗികൾക്ക് ലഭിക്കുന്ന ചികിത്സാ സഹായത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായാണ് സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ഫോൺസി ഫ്രാൻസിസ് സ്വാഗതം ആശംസിച്ചു. ഇന്ത്യയിലെ സാധാരണക്കാർക്ക് പ്രത്യേകിച്ചും യുവജനങ്ങൾക്ക് സ്റ്റെം സെൽ മാറ്റിവയ്ക്കൽ ചികിത്സയെക്കുറിച്ച് അവബോധം കുറവാണ്. ഇത് കണ്ടെത്തി യുവജനങ്ങളെ ബോധവൽക്കരിക്കുന്നതിന് എൻഎസ്എസ് യൂണിറ്റ് നടത്തുന്ന ശ്രമങ്ങളെ അവർ സ്വാഗത പ്രസംഗത്തിൽ അഭിനന്ദിച്ചു

മെറ്റസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. ആറ്റൂർ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്റ്റെം സെൽ ദാനവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ ഒഴിവാക്കുന്നതിനും കൂടുതൽ യുവജനങ്ങളെ ദാതാക്കളായി മുന്നോട്ടുവരാൻ പ്രോത്സാഹിപ്പിക്കുന്നതിനും ഇത്തരം ബോധവത്കരണ പരിപാടികൾ സഹായിക്കുമെന്ന് അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ഡി.കെ.എം.എസ്. ഫൗണ്ടേഷൻ ഇന്ത്യയിലെ ദാതാക്കളുടെ രജിസ്ട്രേഷൻ വിഭാഗം അസോസിയേറ്റ് ഇന്ദിര രഞ്ജിനി റോയ് ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. സ്റ്റെം സെൽ എന്താണെന്നും സ്റ്റെം സെൽ മാറ്റിവയ്ക്കൽ ചികിത്സയുടെ പ്രാധാന്യം എന്താണെന്നും അനുയോജ്യമായ ദാതാവിനെ കണ്ടെത്തുന്നതിന്റെ ആവശ്യകതയെക്കുറിച്ചും അവർ വിശദീകരിച്ചു.
രക്താർബുദം ഉൾപ്പെടെയുള്ള ഗുരുതര രക്തരോഗങ്ങൾ ബാധിച്ച നിരവധി രോഗികൾക്ക് സ്റ്റെം സെൽ മാറ്റിവയ്ക്കൽ ചികിത്സ ജീവൻ നിലനിർത്തുന്നതിനുള്ള പ്രധാന ചികിത്സാ മാർഗമാണ്. എന്നാൽ രോഗിയുമായി ജനിതകമായി പൊരുത്തപ്പെടുന്ന അനുയോജ്യമായ ദാതാവിനെ കണ്ടെത്തുക എന്നത് പലപ്പോഴും വലിയ വെല്ലുവിളിയാണ്. ഈ സാഹചര്യത്തിൽ ആരോഗ്യവാന്മാരായ യുവജനങ്ങൾ സ്റ്റെം സെൽ ദാതാക്കളായി രജിസ്റ്റർ ചെയ്യേണ്ടതിന്റെ ആവശ്യകതയും പരിപാടിയിൽ വിശദീകരിച്ചു.

ദേശീയ സേവന പദ്ധതി പ്രോഗ്രാം ഓഫീസർ ശ്രീലക്ഷ്മി സി. എസ്. നന്ദി പറഞ്ഞു. എൻഎസ്എസ് സ്റ്റുഡൻറ് വളണ്ടിയർ സെക്രട്ടറിമാരായിട്ടുള്ള ഫാരീസ് കെ എ., ആർദ്ര സി. രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഈ പ്രോഗ്രാം സംഘടിപ്പിച്ചത്. എൻഎസ്എസ് യൂണിറ്റ് വളണ്ടിയർമാരും വിദ്യാർഥികളും പരിപാടിയിൽ പങ്കെടുത്തു.
“ഇന്നത്തെ അവബോധം, നാളത്തെ രോഗമുക്തി” എന്ന സന്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പ്രോഗ്രാമിന് ശേഷം നൂറിലധികം വിദ്യാർത്ഥികൾ സ്റ്റെം സെൽ ദാദാക്കളായി പേര് രജിസ്റ്റർ ചെയ്തു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com