Click Below 👇 & Share This News

ഫാർമസി വിദ്യാഭ്യാസരംഗത്ത് പുതുതലമുറ വിദ്യാർത്ഥികളെ അറിവും കഴിവും മൂല്യബോധവും ഉൾക്കൊള്ളുന്ന പ്രൊഫഷണലുകളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ മെറ്റ്സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് & റിസർച്ചിൽ “മെറ്റ്സ് ഓറ–2K26” ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. “From Aspiration to Excellence” എന്ന പ്രമേയത്തിൽ നടന്ന പരിപാടി വിദ്യാർത്ഥികളുടെ അക്കാദമികവും പ്രൊഫഷണൽ ജീവിതവുമായുള്ള പുതിയ യാത്രയ്ക്ക് ആവേശകരമായ തുടക്കമായി.മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. പോൾ മുണ്ടാടൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥികൾക്ക് ഫാർമസി ഒരു തൊഴിൽമേഖല മാത്രമല്ലെന്നും മനുഷ്യജീവനുമായി നേരിട്ട് ബന്ധപ്പെട്ട ഉത്തരവാദിത്വമുള്ള പ്രൊഫഷനാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. അറിവിനൊപ്പം നൈപുണ്യവും, നൈപുണ്യത്തിനൊപ്പം ധാർമികതയും, അതിനൊപ്പം സാമൂഹിക പ്രതിബദ്ധതയും വളർത്തിയെടുക്കണം എന്ന സന്ദേശം പുതിയ വിദ്യാർത്ഥികൾക്ക് പകർന്നു നൽകി. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. ആറ്റൂർ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡിഗ്രി നേടുക മാത്രമല്ല, മികച്ച പ്രൊഫഷണലാകണം എന്ന് അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു. ആധുനിക ഫാർമസി മേഖലയിൽ ഗവേഷണം, ഡ്രഗ് ഡിസ്കവറി, ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രി, ക്ലിനിക്കൽ ഫാർമസി, ഫാർമക്കോവിജിലൻസ്, റെഗുലേറ്ററി അഫയേഴ്സ്, ബയോടെക്നോളജി തുടങ്ങിയ മേഖലകളിലുള്ള വിശാലമായ സാധ്യതകളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് അവബോധം നൽകി. അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ മിസ്റ്റർ റിനോജ് അബ്ദുൾ കാദർ ആശംസകൾ നേർന്നു. ഫാർമസി കോളേജ് എച്ച്.ഒ.ഡി പ്രൊഫ. ഡോ. പ്രശാന്ത് ഫ്രാൻസിസ് സ്വാഗതം പറഞ്ഞു. മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. ഫോൺസി ഫ്രാൻസിസ് ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ അക്കാദമിക രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളെ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. പുതുതായി പ്രവേശിച്ച വിദ്യാർത്ഥികൾക്ക് ബി.ഫാം പാഠ്യപദ്ധതി, അധ്യാപകർ, മെന്റർ–മെന്റി സംവിധാനം, കോളേജിലെ അക്കാദമികവും സഹപാഠ്യവുമായ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. ഷാജി ജോർജ് വിശദീകരിച്ചു.

വിദ്യാർത്ഥികളുടെ പ്രൊഫഷണൽ ജീവിതത്തിലെ ഉത്തരവാദിത്വവും മൂല്യബോധവും ഓർമ്മിപ്പിച്ച് അസോസിയേറ്റ് പ്രൊഫ. ആൻസി ആന്റണി ‘ഫാർമസിസ്റ്റ് പ്രതിജ്ഞ’ ചൊല്ലിക്കൊടുത്തു.പ്രാർത്ഥന, രംഗപൂജ, സ്ഥാപന പരിചയപ്പെടുത്തൽ വീഡിയോ പ്രദർശനം തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി നടന്നു. അസോസിയേറ്റ് പ്രൊഫ. റിനി രാജു കനാട്ട് നന്ദി രേഖപ്പെടുത്തി.പുതിയ വിദ്യാർത്ഥികളുടെ കോളേജ് ജീവിതത്തിന് ഔപചാരികമായ തുടക്കം കുറിച്ച പരിപാടി അറിവ്–നൈപുണ്യം–മൂല്യബോധം–മികവ് എന്ന നാല് അടിസ്ഥാനങ്ങളിലൂടെ മികച്ച ഫാർമസി പ്രൊഫഷണലുകളെ വാർത്തെടുക്കാനുള്ള മെറ്റ്സിന്റെ പ്രതിബദ്ധത ഉയർത്തിക്കാട്ടുന്നതായി.അഭിലാഷങ്ങളെ ലക്ഷ്യങ്ങളാക്കി, ലക്ഷ്യങ്ങളെ നേട്ടങ്ങളാക്കി, നേട്ടങ്ങളെ മികവാക്കി മാറ്റാനുള്ള യാത്രയ്ക്ക് മെറ്റ്സ് ഓറ–2K26 തുടക്കമിട്ടു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com