Click Below 👇 & Share This News

ബെംഗളൂരു: ചില ശബ്ദങ്ങൾ കേൾക്കാനുള്ളതുമാത്രമല്ല, ജീവിതത്തിൽ മുന്നേറാനുള്ള വഴികാട്ടികൾ കൂടിയാണ്. ഒരു ചോദ്യത്തിന്റെ ഉത്തരം ഒരാളുടെ പഠനത്തിലെ സംശയം ദൂരീകരിക്കുമ്പോൾ, അതേ ഉത്തരം മറ്റൊരാളുടെ സ്വപ്നത്തിലേക്കുള്ള ചുവടുവയ്പായേക്കാം. അറിവിനെ ശബ്ദമാക്കി, അവസരങ്ങളെ കൂടുതൽ പേരിലേക്ക് എത്തിക്കാനുള്ള ഈ ആശയവുമായി ക്രൈസ്റ്റ് അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോ (CAIL) ഒരുങ്ങുന്നു. കാഴ്ചപരിമിതിയുള്ളവർക്ക് വിവിധ മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കാൻ സഹായകമായ ഓഡിയോ പഠനശേഖരം ഒരുക്കുന്നതിനായി ‘ഗ്യാൻവാണി’ വോയ്സ് ഓഫ് എംപവർമെന്റ്’ എന്ന പേരിൽ ഒക്ടോബർ 24-ന് പ്രത്യേക പരുപാടി സംഘടിപ്പിക്കും.

ഒറ്റദിവസം ഒരു ലക്ഷം ചോദ്യോത്തരങ്ങൾ ശബ്ദരൂപത്തിൽ റെക്കോർഡ് ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. യു.പി.എസ്.സി. ഉൾപ്പെടെയുള്ള വിവിധ മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കാഴ്ചപരിമിതിയുള്ള ഉദ്യോഗാർഥികൾക്ക് പ്രയോജനപ്പെടുന്ന പഠനവിഭവങ്ങൾ സൃഷ്ടിക്കുന്നതിലൂടെ വിജ്ഞാനലഭ്യതയിലെ തടസ്സങ്ങൾ കുറയ്ക്കാനും പഠനാവസരങ്ങൾ കൂടുതൽ ഉൾക്കൊള്ളുന്നതാക്കാനുമാണ് ശ്രമം. ഒക്ടോബർ 24-ന് രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ നടക്കുന്ന പരിപാടിയിൽ സ്ഥാപനത്തിലെ അധ്യാപകരും അനധ്യാപക ജീവനക്കാരും വിദ്യാർഥികളും പങ്കാളികളാകും. ഓരോ വിദ്യാർഥിയും 150 ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും റെക്കോർഡ് ചെയ്യാനാണ് നിർദേശം.

മെന്റർമാരുടെ മേൽനോട്ടത്തിൽ ശേഖരിക്കുന്ന ശബ്ദരേഖകൾ ഡിജിറ്റൽ ശേഖരത്തിലേക്ക് മാറ്റും. ഒരു ദിവസംകൊണ്ട് ഒരു ലക്ഷം ചോദ്യോത്തരങ്ങൾ റെക്കോർഡ് ചെയ്യാൻ സാധിച്ചാൽ ഈ കൂട്ടായ നേട്ടം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ രേഖപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും സംഘാടകർ ലക്ഷ്യമിടുന്നു.

“നിങ്ങളുടെ ശബ്ദം മറ്റൊരാളുടെ ക്ലാസ് മുറിയാകട്ടെ” എന്ന സന്ദേശമാണ് ‘ജ്ഞാനവാണി’ മുന്നോട്ടുവയ്ക്കുന്നത്. അറിവ് പങ്കുവെക്കുമ്പോൾ അതിന്റെ മൂല്യം വർധിക്കുമെന്നും അവസരങ്ങൾ കൂടുതൽ പേരിലേക്ക് എത്തുമ്പോഴാണ് വിദ്യാഭ്യാസം അതിന്റെ സാമൂഹിക ദൗത്യം പൂർത്തിയാക്കുന്നതെന്നും ഓർമിപ്പിക്കുന്ന ഈ സംരംഭം, സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്രൈസ്റ്റ് അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോ നടപ്പാക്കുന്നത്.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com