Click Below 👇 & Share This News

തൃശ്ശൂർ: ഭാരതീയ ഭാഷകളുടെയും സാഹിത്യത്തിന്റെയും സാംസ്കാരിക പാരമ്പര്യത്തിന്റെയും വൈവിധ്യമാർന്ന തലങ്ങൾ ചർച്ചചെയ്യുന്നതിനായി തൃശ്ശൂർ സെന്റ് തോമസ് കോളേജ് (ഓട്ടോണമസ്), സാഹചർ ഹിന്ദി സംഘടന (ന്യൂഡൽഹി) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ദ്വിദിന അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിക്കുന്നു. ‘ഭാരതം, ഭാരതീയത, ഭാരതീയ ഭാഷാസാഹിത്യം’ എന്ന വിഷയത്തിൽ നവംബർ 27, 28 തീയതികളിലാണ് സെമിനാർ നടക്കുന്നത്.

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നുമുള്ള പ്രമുഖ അധ്യാപകരും ഗവേഷകരും സാഹിത്യകാരന്മാരും ഉൾപ്പെടെ 20 പ്രതിനിധികൾ സെമിനാറിൽ പങ്കെടുക്കും. ഇവർ വിവിധ അക്കാദമിക വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടത്തുകയും ആശയങ്ങൾ പങ്കുവെക്കുകയും ചെയ്യും. കൂടാതെ, വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഏകദേശം 50 ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഓൺലൈൻ, ഓഫ്‌ലൈൻ സംവിധാനങ്ങളിലായി സംഘടിപ്പിക്കുന്ന സെമിനാർ ദേശീയവും അന്തർദേശീയവുമായ അക്കാദമിക ആശയവിനിമയത്തിനും ഗവേഷണ സഹകരണത്തിനും വേദിയൊരുക്കും.

ഇന്ത്യൻ ഭാഷകളുടെ പരസ്പരബന്ധം, ഭാഷാവൈവിധ്യവും ദേശീയ ഐക്യവും, ഭാരതീയ സാഹിത്യത്തിന്റെ സാംസ്കാരിക പ്രസക്തി, വിവിധ ഭാഷകളിലെ സാഹിത്യധാരകൾ എന്നിവയാണ് സെമിനാറിലെ പ്രധാന ചർച്ചാവിഷയങ്ങൾ. വിവിധ ഭാഷകളുടെയും സംസ്കാരങ്ങളുടെയും സാഹിത്യപാരമ്പര്യങ്ങളുടെയും പരസ്പര സ്വാധീനവും സമകാലിക പ്രസക്തിയും അക്കാദമിക ഗവേഷണത്തിന്റെ വെളിച്ചത്തിൽ വിലയിരുത്തുന്നതിനും സെമിനാർ ലക്ഷ്യമിടുന്നു.

നവംബർ 27-ന് രാവിലെ 10 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ തൃശ്ശൂർ അതിരൂപതയുടെ സഹായമെത്രാനും സെന്റ് തോമസ് കോളേജ് മാനേജരുമായ മാർ (ഡോ.) ടോണി നീലങ്കാവിൽ അധ്യക്ഷത വഹിക്കും. അലിഗഢ് മുസ്ലിം സർവകലാശാലയുടെ മലപ്പുറം സെന്റർ ഡയറക്ടറും പ്രൊഫസറുമായ പ്രൊഫ. (ഡോ.) എം. ഷഹുൽ ഹമീദ് സെമിനാർ ഉദ്ഘാടനം ചെയ്യും. കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ ഹിന്ദി വിഭാഗം സീനിയർ പ്രൊഫസറും മേധാവിയും ഹ്യുമാനിറ്റീസ് ഡീനുമായ പ്രൊഫ. (ഡോ.) പ്രമോദ് കോവപ്രത്ത് മുഖ്യപ്രഭാഷണം നടത്തും. ന്യൂഡൽഹിയിലെ പ്രൊഫ. (ഡോ.) അലോക് രഞ്ജൻ പാണ്ഡെ വിശിഷ്ടാതിഥിയായിരിക്കും.

സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. (ഫാ.) മാർട്ടിൻ കെ. എ., മഹാരാഷ്ട്രയിലെ പ്രൊഫ. (ഡോ.) പാണ്ഡുരിനാഥ് ശിവദാസ് പാട്ടീൽ, ഹിന്ദി വിഭാഗം മേധാവി ഡോ. റാണി ജാസ്മിൻ തോമസ്. എൻ എന്നിവർ ആശംസകൾ നേരും.

സെമിനാറിന്റെ കോ-ഓർഡിനേറ്റർ പ്രൊഫ. (ഡോ.) രാജു സി. പി.യും ജോയിന്റ് കൺവീനർ ഡോ. ഷെമി ജോണുമാണ്. ഇന്ത്യയ്ക്കകത്തും വിദേശത്തുമുള്ള അധ്യാപകരെയും ഗവേഷകരെയും ഒരേ വേദിയിൽ അണിനിരത്തുന്നതിലൂടെ ഭാരതീയ ഭാഷാസാഹിത്യ പഠനത്തിനും അന്തർദേശീയ അക്കാദമിക സഹകരണത്തിനും പുതിയ സാധ്യതകൾ തുറക്കാൻ സെമിനാർ സഹായകമാകുമെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com