Click Below 👇 & Share This News

ഇരിങ്ങാലക്കുട: ഡിഗ്രി പഠനത്തോടൊപ്പം തൊഴിൽ സാദ്ധ്യതയും വർദ്ധിപ്പിക്കാനുള്ള വിവിധ കർമ പദ്ധതികൾ ഗവൺമെൻ്റ് നടപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീ റോജി എം. ജോൺ. ഡിഗ്രി പഠനത്തോടൊപ്പം വിദ്യാർത്ഥികൾക്ക് യോജിച്ച തൊഴിൽ കണ്ടെത്താൻ, വ്യവസായ പ്രതിനിധികളുമായി കൈകോർക്കുന്ന പരിപാടി കോൺഫ്ലുവൻസ് 2K26 ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്‌സ് കോളജിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ പാഠ്യപദ്ധതിയുടെ ഭാഗമായ ഇൻ്റേൺഷിപ്പിന് കൃത്യമായ പ്ലാനിംഗോടെ പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്നതിന് കോളജിനെ അദ്ദേഹം അഭിനന്ദിച്ചു. വിദേശത്തേക്കു തൊഴിൽ തേടി കുടിയേറുന്ന വിദ്യാർത്ഥികളുടെ കുത്തൊഴുക്ക് കുറയ്ക്കാൻ പുതിയ തൊഴിൽ സംരംഭങ്ങൾ ആരംഭിക്കേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം എടുത്തു പറഞ്ഞു.

വിദ്യാഭ്യാസവും തൊഴിൽമേഖലയും തമ്മിലുള്ള അകലം കുറയ്ക്കുകയും വിദ്യാർത്ഥികൾക്ക് പുതിയ അവസരങ്ങളും വ്യവസായലോകത്തിന് ആവശ്യമായ നൈപുണ്യങ്ങളും സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടിയിൽ കോളജുമായി ധാരണാപത്രം ഒപ്പുവച്ച ഇരുപതിലധികം വ്യവസായ-പ്രൊഫഷണൽ സ്ഥാപനങ്ങളുടെ പ്രതിനിധികളെ പരിചയപ്പെടുത്തി. അക്കാദമിക അറിവും വ്യവസായപരിചയവും പരസ്പരം കൈമാറുന്നതിനും വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ്, പരിശീലനം, പ്ലേസ്‌മെന്റ്, നൈപുണ്യവികസനം തുടങ്ങിയ മേഖലകളിൽ കൂടുതൽ സാധ്യതകൾ തുറക്കുന്നതിനുമാണ് ഈ പരിപാടി തുടക്കം കുറിക്കുക എന്ന് ഇരിങ്ങാലക്കുട എം എൽഎ ശ്രീ തോമസ് ഉണ്യാടൻ പറഞ്ഞു.

കോളജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസ്സി സ്വാഗതം ആശംസിച്ച ചടങ്ങിൽ കോളജ് മാനേജർ ഡോ. സിസ്റ്റർ ട്രീസ ജോസഫ് അധ്യക്ഷത വഹിച്ചു. ചടങ്ങിന്റെ ഭാഗമായി എൻ.എസ്.എസ്. സംഘടിപ്പിക്കുന്ന ‘സമന്വയം’ പ്രോജക്ടിന്റെ ഉദ്ഘാടനവും ഉന്നത വിദ്യാഭ്യാസ മന്ത്രി നിർവഹിച്ചു. വിദ്യാർത്ഥിനികളുമായി സംവദിച്ച അദ്ദേഹം താനും ഒരു എൻ എസ് എസ് വൊളണ്ടിയർ ആയിരുന്നു എന്ന് എടുത്തു പറയുകയും ചെയ്തു. അഡ്വ. തോമസ് ഉണ്ണിയാടൻ എം.എൽ.എ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.

വിദ്യാഭ്യാസസ്ഥാപനങ്ങളും വ്യവസായമേഖലയും തമ്മിലുള്ള സഹകരണത്തിന് പുതിയ ദിശാബോധം നൽകിയ കോൺഫ്ലുവൻസ് 2K26, വിദ്യാർത്ഥികളുടെ കഴിവുകളെ തൊഴിൽലോകത്തിന്റെ ആവശ്യങ്ങളുമായി ബന്ധിപ്പിക്കുന്ന ശ്രദ്ധേയമായ വേദിയായി മാറി.
ചടങ്ങിൽ കോൺവീനറും ഐ.ക്യു.എ.സി. കോർഡിനേറ്ററുമായ ഡോ. ഷെറിൻ ജോസ് ടി നന്ദി രേഖപ്പെടുത്തി.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com